Wednesday, September 26, 2012

പൂത്തമാവിനെപ്പറ്റി: ഇടശ്ശേരി

'മാമ്പൂ കണ്ടു മദിക്കല്ലേ 
മാരിക്കാര്‍വില്ലിനെ നമ്പല്ലേ.' 
മുത്തശ്ശിക്കു പിറുപിറുക്കാനൊരു 
തത്ത്വജ്ഞാനമിരുന്നോട്ടെ. 
മുറ്റിവിടര്‍ന്നൊരു പൊന്നിന്‍നിലാവ് 
മുറ്റത്തുള്ളൊരു തൈമാവ്! 
ഓളംതള്ളിയ സൗന്ദര്യങ്ങളി- 
ലോലോലം മുങ്ങിവരവാണ്, 
പുന്നെല്ലു കൂട്ടി നിറപറ വെച്ചില്ലേ 
പുലരിയെടുത്തില്ലേ പൊല്‍ത്താലം? 
തൈത്തെങ്ങിന്‍കുരല്‍ പൊന്‍കുടം വെച്ചതില്‍- 
പ്പൂക്കുല പൊട്ടിവിരിഞ്ഞില്ലേ? 
മാമ്പൂ കണ്ടു മദിച്ചുപുളച്ചൊരു 
പൂങ്കുയിലേ നീ പാടീലേ? 
ആകെയൊരുത്സവമാകെയൊരുത്സവ- 
മാകാശത്തും താഴത്തും! 

'മകരക്കാറിലെത്തണ്ണീര് 
മാനവന്‍മാരുടെ കണ്ണീര്' 
മുത്തശ്ശിക്കു ചവച്ചരയ്ക്കാനൊരു 
തത്ത്വജ്ഞാനമുണ്ടെപ്പോഴും. 
മാമരംകോച്ചും തണുപ്പത്ത് 
താഴ്‌വര പൂത്തൊരു കുന്നത്ത് 
മൂടിപ്പുതച്ചുകിടക്കും കാറ്റേ, 
മൂളിക്കുതിച്ചു പറന്നാട്ടെ 
കുന്നില്‍നിന്നൊരു കുന്നില്‍ച്ചവിട്ടി- 
ക്കൂറ്റന്‍കരിമ്പന പൊക്കിച്ചുഴറ്റി 
മാനത്തുള്ളൊരു മൂധേവിപ്പട. 
പായുംപടിക്കു നീ വന്നാട്ടെ 
പൂങ്കുളിരുറ്റ കിഴക്കന്‍മേട്ടിലെ 
കുങ്കുമച്ചോലയില്‍ നീരാടി 
നീയെത്തുമ്പൊഴുതെന്തിനു കാറ്റേ, 
തൈമാവിന്നൊരു താലോലം, 
അമ്പില്‍ പൂത്തു മദിച്ചിളമിച്ചൊരു 
കൊമ്പുകളില്‍ ചെറുതാകമ്പം? 
'പെറ്റുവീഴുമ്പൊഴുതീരാറ് 
പേരുവിളിക്കാനഞ്ചാറ്' 
മുത്തശ്ശിക്കു മുടിഞ്ഞിരിക്കാനൊരു 
തത്ത്വജ്ഞാനമുദിച്ചോട്ടെ. 
ഉണ്ണി വിരിഞ്ഞുകഴിഞ്ഞൂ പച്ച- 
ക്കണ്ണു മിഴിച്ചു കളിക്കുമ്പോള്‍ 
അഞ്ചിക്കൊഞ്ചിയ കാറ്റേ നീയി- 
പ്പിഞ്ചുകിടാങ്ങളെ കണ്ടോളൂ. 
മാവുകളൊക്കെപ്പൂക്കുമ്പോള്‍ 
പൂത്തവയൊക്കെ കായ്ക്കുമ്പോള്‍ 
മുത്തന്‍മാവൊടു മന്ത്രിക്കുന്നൂ 
തത്ത്വജ്ഞാനം മുത്തശ്ശി: 
'മാമ്പൂ കണ്ടു മദിക്കല്ലേ, 
മാരിക്കാര്‍വില്ലിനെ നമ്പല്ലേ!

Monday, August 13, 2012

നിറപ്പകിട്ട്

നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല
തെളിഞ്ഞമഞ്ഞപ്പൂങ്കുല, ആകെച്ചുവന്ന റോസാപ്പൂ
തവിട്ടുപശുവിന്‍ വെളുത്തപാല് കുടിച്ചതില്‍പ്പിന്നെ
കറുത്തരാത്രിയിലീനിറമെല്ലാം ഓര്‍ത്തുകിടന്നൂ ഞാന്‍!

Thursday, August 9, 2012

കാവ്യനര്‍ത്തകി: ചങ്ങമ്പുഴ കൃഷ്ണപിള്ള

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി

കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;

ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി;

മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ
മമ മുന്നിൽ നിന്നു നീ മലയാളകവിതേ!

ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും

ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി

അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
അപ്സരരമണികൾ കൈമണികൾ കൊട്ടി

വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ

താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകൾപോൽ തത്തീ ലയഭംഗി

ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു

ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
മായികേ നീ നിൻ നടനം നടത്തി

പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ

അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ

പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പലചേഷ്ടകൾ കാട്ടി

വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ

തവതലമുടിയിൽനിന്നൊരുനാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും

പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
അയ്യോ പോവല്ലെ പോവല്ലെ പോവല്ലെ ദേവീ

പന്തളം കെ പി രാമൻ പിള്ള


അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ! ശരണം നീയെന്നും.
സുരഗോള ലക്ഷങ്ങളണിയിച്ചുനിർത്തി
അവികല സൗഹ്രുദബന്ധം പുലർത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ! ശരണം നീ സത്യം
ദുരിതങ്ങൾ കൂത്താടുമുലകത്തിൽ നിന്റെ
പരിപൂർണ്ണതേജസ്സു വിളയാടികാണ്മാൻ
ഒരു ജാതി ഒരു മതമൊരു ദൈവമേവം
പരിശുദ്ധവേദാന്തം സഫലമായ്‌ത്തീരാൻ
അഖിലാധി നായകാ! തവ തിരുമുമ്പിൽ
അഭയമായ്‌ നിത്യവും പണിയുന്നു ഞങ്ങൾ
സമരാധി ത്രുഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോർത്തിണങ്ങി
ജനിതസൗഭാഗ്യത്തിൻ ഗീതം മുഴക്കി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക! നിൻ തിരുനാമങ്ങൾ പാടി

കൊച്ചുതുമ്പി


ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ
നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്‌?
കളിക്കാനായ്‌ കളം തരുമേ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ

എന്‍റെ വിദ്യാലയം: അക്കിത്തം

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
മിന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധുപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥര്‍
‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ
തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം

ഞാന്‍:::; സി ഗംഗാധരന്‍ നായര്‍

പലപല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകളൾ നീക്കി.
അരളിച്ചെടിയുടെ ഇലതന്നടിയിൽ
അരുമക്കിങ്ങിണി പോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരുനാളൾ സൂര്യനുദിച്ചുണരുമ്പോൾ
വിടരുംചിറകുകളൾ വീശി
പുറത്തുവന്നൂ അഴകു തുടിക്കും
പൂമ്പാറ്റത്തളിരായി.