Wednesday, September 26, 2012

പൂത്തമാവിനെപ്പറ്റി: ഇടശ്ശേരി

'മാമ്പൂ കണ്ടു മദിക്കല്ലേ 
മാരിക്കാര്‍വില്ലിനെ നമ്പല്ലേ.' 
മുത്തശ്ശിക്കു പിറുപിറുക്കാനൊരു 
തത്ത്വജ്ഞാനമിരുന്നോട്ടെ. 
മുറ്റിവിടര്‍ന്നൊരു പൊന്നിന്‍നിലാവ് 
മുറ്റത്തുള്ളൊരു തൈമാവ്! 
ഓളംതള്ളിയ സൗന്ദര്യങ്ങളി- 
ലോലോലം മുങ്ങിവരവാണ്, 
പുന്നെല്ലു കൂട്ടി നിറപറ വെച്ചില്ലേ 
പുലരിയെടുത്തില്ലേ പൊല്‍ത്താലം? 
തൈത്തെങ്ങിന്‍കുരല്‍ പൊന്‍കുടം വെച്ചതില്‍- 
പ്പൂക്കുല പൊട്ടിവിരിഞ്ഞില്ലേ? 
മാമ്പൂ കണ്ടു മദിച്ചുപുളച്ചൊരു 
പൂങ്കുയിലേ നീ പാടീലേ? 
ആകെയൊരുത്സവമാകെയൊരുത്സവ- 
മാകാശത്തും താഴത്തും! 

'മകരക്കാറിലെത്തണ്ണീര് 
മാനവന്‍മാരുടെ കണ്ണീര്' 
മുത്തശ്ശിക്കു ചവച്ചരയ്ക്കാനൊരു 
തത്ത്വജ്ഞാനമുണ്ടെപ്പോഴും. 
മാമരംകോച്ചും തണുപ്പത്ത് 
താഴ്‌വര പൂത്തൊരു കുന്നത്ത് 
മൂടിപ്പുതച്ചുകിടക്കും കാറ്റേ, 
മൂളിക്കുതിച്ചു പറന്നാട്ടെ 
കുന്നില്‍നിന്നൊരു കുന്നില്‍ച്ചവിട്ടി- 
ക്കൂറ്റന്‍കരിമ്പന പൊക്കിച്ചുഴറ്റി 
മാനത്തുള്ളൊരു മൂധേവിപ്പട. 
പായുംപടിക്കു നീ വന്നാട്ടെ 
പൂങ്കുളിരുറ്റ കിഴക്കന്‍മേട്ടിലെ 
കുങ്കുമച്ചോലയില്‍ നീരാടി 
നീയെത്തുമ്പൊഴുതെന്തിനു കാറ്റേ, 
തൈമാവിന്നൊരു താലോലം, 
അമ്പില്‍ പൂത്തു മദിച്ചിളമിച്ചൊരു 
കൊമ്പുകളില്‍ ചെറുതാകമ്പം? 
'പെറ്റുവീഴുമ്പൊഴുതീരാറ് 
പേരുവിളിക്കാനഞ്ചാറ്' 
മുത്തശ്ശിക്കു മുടിഞ്ഞിരിക്കാനൊരു 
തത്ത്വജ്ഞാനമുദിച്ചോട്ടെ. 
ഉണ്ണി വിരിഞ്ഞുകഴിഞ്ഞൂ പച്ച- 
ക്കണ്ണു മിഴിച്ചു കളിക്കുമ്പോള്‍ 
അഞ്ചിക്കൊഞ്ചിയ കാറ്റേ നീയി- 
പ്പിഞ്ചുകിടാങ്ങളെ കണ്ടോളൂ. 
മാവുകളൊക്കെപ്പൂക്കുമ്പോള്‍ 
പൂത്തവയൊക്കെ കായ്ക്കുമ്പോള്‍ 
മുത്തന്‍മാവൊടു മന്ത്രിക്കുന്നൂ 
തത്ത്വജ്ഞാനം മുത്തശ്ശി: 
'മാമ്പൂ കണ്ടു മദിക്കല്ലേ, 
മാരിക്കാര്‍വില്ലിനെ നമ്പല്ലേ!